പൃഥ്വിരാജ് പറഞ്ഞ സര്‍പ്രൈസ് പുറത്തുവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും

Entertainment Desk

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ബുധനാഴ്ച ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്ന പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായിരുന്നത്. ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. കാപ്പ എന്നാണ് ചിത്രത്തിന്റെ പേര്. മോഷന്‍ പോസ്റ്ററില്‍ നാല് പേരും കടന്നുവരുന്നുണ്ട്. ഗുണ്ടയുടെ രൂപത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമേഴ്‌സ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവിയായിട്ടാണ് ചിത്രമൊരുങ്ങുന്നത്. കാപ്പ എന്ന ആക്ടും പിണറായി വിജയനുമെല്ലാം കടന്നുവരുന്ന നരേഷനാണ് നടന്‍ നന്ദുവിന്റെ ശബ്ദത്തില്‍ മോഷന്‍ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഫെഫ്ക് റൈറ്റേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വേണുവാണ്. ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖിയെ ആസ്പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് സംഭാഷണവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

error: Content is protected !!