കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നടപടിക്കെതിരെ സിപിഎമ്മില്‍ വീണ്ടും രാജി

Web Desk

കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ സിപിഎം പ്രാദേശിക തലത്തില്‍ വീണ്ടും രാജി. മാടായിക്കോണം സ്‌കൂള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ബാങ്ക് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ കൃത്യമായ നടപടി എടുത്തിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ബ്രാഞ്ച് യോഗങ്ങളില്‍ ഉള്‍പ്പെടെ സുജേഷ് കണ്ണാട്ട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ആരോപണം ഉന്നയിച്ച സുജേഷ് കണ്ണാട്ടിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടി എടുത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കൂടുതല്‍ പേര്‍ സിപിഎമ്മില്‍നിന്ന് രാജിവെയ്ക്കുന്നത്.

പാര്‍ട്ടി തലത്തിലുള്ള നടപടി കീഴ്ഘടകങ്ങള്‍ക്കെതിരേ മാത്രമാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടയിലാണ് രാജി. വിവിധ ബ്രാഞ്ച് കമ്മറ്റികളില്‍ നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം പത്തോളം പേരാണ് ഇതിനകം രാജിക്കത്ത് നല്‍കിയിട്ടുള്ളത്.

error: Content is protected !!