
തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻറെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.