
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവവും ചോദ്യം ചെയ്തു. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും എം ശിവശങ്കറും എൻഐഎ ഓഫീലിലെത്തി പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽആരംഭിച്ചു.എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍ അടക്കമുള്ളവരും സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്‍റെ എന്തെന്ന് വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി .
തിരുവനന്തപുരത്ത് വച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതനുസരിച്ച് ഇന്നലെയാണ് എം ശിവശങ്കര്‍ കൊച്ചിയിലെത്തിയത്. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പനമ്പള്ളി നഗറിലെ ഹോട്ടൽ മുറിയിലാണ് എം ശിവശങ്കര്‍ തങ്ങിയത്. എൻഐഎ നിരീക്ഷണത്തിലായിരുന്നു താമസം.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നും,സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും പ്രതികൾക്ക് നൽകിയിട്ടില്ലെന്നും ശിവശങ്കര്‍ പറയുന്നു.