
എഴുപുന്ന സ്വദേശിനിയായ പത്തൊൻപതുകാരി കൊച്ചിയിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച സംഭവത്തിലെ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്നയാൾ. എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെതിരെ നാട്ടുകാരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
രണ്ടു വർഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഞാറയ്ക്കൽ സ്വദേശിനിയെയും ഇത്തരത്തിൽ എറണാകുളത്ത് ഹോട്ടലിൽ എത്തിച്ച് ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാർ സംഭവം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയും ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇടയ്ക്ക് വല്ലപ്പോഴും മൽസ്യ ബന്ധനത്തിന് പോകുമായിരുന്ന ഇയാൾ ലഹരി മരുന്ന് കാരിയറായും പ്രവർത്തിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ഇതുവഴി കിട്ടുന്ന പണം ഉപയോഗിച്ച് കൂടുതൽ ലഹരി ഉപയോഗിക്കുന്നതായിരുന്നു പതിവ്. വാട്സാപ്പിലും മറ്റും അപരിചിതരായ പെൺകുട്ടികൾക്ക് മെസേജും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നതും പതിവായിരുന്നു.
ഇയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം ചെയ്ത പെൺകുട്ടി ഇതു ചോദ്യം ചെയ്തതോടെയുണ്ടായ വഴക്കിൽ നാലുമാസത്തിനകം ആ ബന്ധവും പിരിഞ്ഞു. പരിചയമുള്ള സമീപ വീടുകളിലെ യുവതികളായിരുന്നു മിക്കപ്പോഴും ഇയാളുടെ ഇര. അശ്ലീല സന്ദേശങ്ങൾ അയച്ചതിന് പെൺകുട്ടികളുടെ ബന്ധുക്കളെത്തി പലപ്രാവശ്യം കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ പെൺ സൗഹൃദങ്ങൾക്കായി ഇയാൾ ഫെയ്സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇത്തരത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് എഴുപുന്ന സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് സമീപിക്കുന്നതിനാൽ പലരും ഇയാളുടെ വലയിൽ വീണിട്ടുണ്ട്. ഒടുവിൽ ഇയാളുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നതോടെ പലരും ഒഴിഞ്ഞു പോയിട്ടുണ്ട്. നാട്ടിൽ കാര്യമായ സൗഹൃദവലയം ഉണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു.
ഒരു മാസം മുമ്പ് മാത്രം ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട എഴുപുന്ന സ്വദേശിനിയാണ് ഇയാളുടെ അവസാനത്തെ ഇര. പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി മാതാപിതാക്കൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഇയാളെ വിളിച്ചിരുന്നത്. ഇയാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ 12ന് രാവിലെ യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമായിരുന്നു പെൺകുട്ടിയുടേത്. ജോലിക്ക് പോകേണ്ടെന്നും പ്ലസ്ടുവിന് തോറ്റ വിഷയം എഴുതി എടുക്കാനും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ വഴക്കു പിടിച്ചാണ് പെൺകുട്ടി അഭിമുഖത്തിന് എന്ന പേരിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്.
അഭിമുഖത്തിന് പോകേണ്ടെന്ന് പിതാവ് പറഞ്ഞിട്ടും കരഞ്ഞ് വഴക്കു പിടിച്ചതിനാലാണ് ജോലിക്കു പോകാൻ അനുവദിച്ചതെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എറണാകുളം സൗത്തിൽ ഇത്തരക്കാർക്ക് സഹായം ചെയ്തു കൊടുക്കുന്ന ഹോട്ടലുകളിൽ ഒന്നിലാണ് യുവാവ് പെൺകുട്ടിയുമായി എത്തിയത്. പെൺകുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും ഇയാൾ യുവതിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ആശുപത്രി ജീവനക്കാരുടെ കൂടി സഹായം തേടിയാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും പെൺകുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ നില ഗുരുതരമാണെന്നു വ്യക്തമായതോടെ ഇയാൾ ആശുപത്രി കാഷ്വാലിറ്റിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് എത്തി ഇയാളുടെ വിവരങ്ങൾ കണ്ടെത്തി പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതും ബന്ധുക്കളെ പെൺകുട്ടി മരിച്ച വിവരം അറിയിക്കുന്നതും. പെൺകുട്ടിയെ സമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് മരണ കാരണം എന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.