
Report: Web Desk
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും. തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ മറ്റ് സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർക്ക് തന്നെ വീണ്ടും അവസരമൊരുങ്ങും. നേമം മണ്ഡലത്തിൽ മുൻ എംഎൽഎ വി ശിവൻകുട്ടിക്കാണ് സാധ്യത. സംസ്ഥാന സെന്ററിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും
കോട്ടയത്ത് ഏറ്റുമാനൂരിൽ രണ്ട് തവണ മത്സരിച്ച സുരേഷ് കുറുപ്പിനെ വീണ്ടും പരിഗണിക്കണോ എന്നതിലാണ് മുഖ്യചർച്ച. ജില്ലാ സെക്രട്ടറി വിഎൻ വാസവന് മത്സരിക്കാൻ ഇളവ് നൽകുന്നതിലും തീരുമാനമുണ്ടാകും. പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജയ്ക് സി തോമസിനെ കൂടാതെ മറ്റ് ചില പേരുകളും പരിഗണിക്കുന്നുണ്ട്. പൂഞ്ഞാര്‍ കേരളാ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും തിരിച്ചെടുക്കാനും ആലോചനയുണ്ട്.
തൃശൂരിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ 8 ഇടകളിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിമാരായ എ സി മൊയ്തീൻ കുന്ദംകുളത്തും സി രവീന്ദ്രനാഥ് പുതുക്കാടും ഇത്തവണയും മത്സരിച്ചേക്കും. മൂന്ന് തവണ മത്സരിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറിനെ ഒഴിവാക്കിയതില്‍ ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.