സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു; ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്

Web Desk

രാജ്യസഭ സീറ്റിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസും എസ്.എഫ്.ഐ മുന്‍ ദേശീയ ഭാരവാഹിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ ഡോ. വി. ശിവദാസനുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് സി.പി.ഐ.എമ്മിനുള്ളത്. ഒരു സീറ്റ് നിയമസഭയിലെ പ്രതിപക്ഷത്തിനാണ്. നേരത്തെ സി.പി.ഐ.എമ്മിന്റെ സാധ്യതപ്പട്ടികയിലുണ്ടായിരുന്നവരാണ് ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലെത്തിക്കാന്‍ നേരത്തെയും സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. പക്ഷെ പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്രാവശ്യം ബ്രിട്ടാസിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ടേം പൂര്‍ത്തിയാക്കുന്ന കെ. കെ രാഗേഷിന് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കിസാന്‍സഭ ദേശീയ നേതാവെന്ന നിലയില്‍ കര്‍ഷകപ്രതിഷേധത്തിലടക്കമുള്ള രാഗേഷിന്റെ പ്രവര്‍ത്തനങ്ങളും മികച്ച രാജ്യസഭാംഗമെന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് രാഗേഷിന് തുടരാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നത്. എന്നാല്‍ രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. ചെറിയാന്‍ ഫിലിപ്പായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്ന മറ്റൊരു നേതാവ്. രാജ്യസഭ സീറ്റ് നല്‍കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നിമയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം. എം വര്‍ഗീസാണ് സാധ്യതാപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരാള്‍.

error: Content is protected !!