കൊവിഡ് പരിശോധനയ്ക്ക് കേരളത്തിൽ വൻതുക ഈടാക്കുന്നതായി പരാതി

Report: News Desk

കൊവിഡ് പരിശോധനയ്ക്ക് കേരളത്തിൽ വൻതുക ഈടാക്കുന്നതായി പരാതി.ഇത് മൂലം കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ആയിരം രൂപയില്‍ താഴെയാണ് RTPCR പരിശോധന നിരക്കെങ്കില്‍ കേരളത്തിലിപ്പോഴും രണ്ടായിരത്തിന് മുകളിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവർക്ക് ഇത് വലിയ ബാധ്യതയാവുന്നുണ്ട്.

നിലവില്‍ രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലാണ് ആർടിപിസിആർ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ഫീസീടാക്കുന്നത്. 2100 രൂപ. മഹാരാഷ്ട്ര, കർണാടക , ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അയല്‍ സംസ്ഥാനങ്ങൾ പല ഘട്ടങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറച്ചു. മൂവായിരം രൂപവരെ ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോൾ നിരക്ക് 700 രൂപയാണ്. ആന്ധ്രപ്രദേശില്‍ അഞ്ഞൂറും. കർണാടകത്തില്‍ 800ഉം രൂപയാണ് ഫീസ്.

കൊവിഡ് പരിശോധനാ നിരക്ക് നിജപ്പെടുത്തി സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും കർശന നിർദേശം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.കർണാടകത്തില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് മുന്നറിയിപ്പ് , ഈ സാഹചര്യത്തില്‍ കൂടുതല്‍പേർ നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് പരിശോധാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ മലയാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

error: Content is protected !!