ക്ലാസ് വെറും ഒന്നരമാസം, എടുത്താല്‍ പൊങ്ങാത്ത സിലബസ്; പഠിക്കാന്‍ സമയം നല്‍കാതെ കാലിക്കറ്റില്‍ പരീക്ഷ.

Web Desk

പഠിക്കാൻ സമയം നൽകാതെ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തരബിരുദ പരീക്ഷ. അവസാന സെമസ്റ്ററിന് ആകെ ഒന്നരമാസത്തെ ക്ലാസ് മാത്രമാണ് കിട്ടിയത്. വിപുലമായ സിലബസുള്ള കോഴ്‌സിൽ പാഠ്യഭാഗങ്ങൾ തീർക്കാതെയും പഠിക്കാൻ സമയംനൽകാതെയും പരീക്ഷ നടത്തുന്നുവെന്നാണ് ആക്ഷേപം
ജൂലായ്‌ 11-ന് പരീക്ഷ തുടങ്ങുകയാണ്. മാർച്ച് പകുതി പിന്നിട്ടശേഷമാണ് കോളേജുകളിൽ ക്ലാസ് തുടങ്ങിയത്. മധ്യവേനലവധിക്ക് കോളേജുകൾ അടച്ചതിനാൽ ആ രണ്ടുമാസം ക്ലാസുണ്ടായില്ല. ജൂണിലാണ് പിന്നെ ക്ലാസുകൾ കിട്ടിയത്. വിശദവും സമഗ്രവുമായ പഠനം നടക്കേണ്ട അവസാനസെമസ്റ്ററിന് ക്ലാസുകൾ തീരേ കിട്ടാതെ പരീക്ഷയെഴുതേണ്ടി വരുന്നതിൽ ആശങ്കയിലാണ് വിദ്യാർഥികൾ.
അഞ്ചുമാസമെങ്കിലും നടക്കേണ്ട ക്ലാസുകളാണ് ഒന്നരമാസം നടത്തി പരീക്ഷയിലേക്ക് കടക്കുന്നത്. സർവകലാശാലയുടെ അക്കാദമിക് കലണ്ടർ പിന്തുടരാത്ത കോളേജുകളിലെ വിദ്യാർഥികൾക്കേ പ്രശ്നമുള്ളൂ എന്നാണ് പരീക്ഷാ കൺട്രോളർ വിശദീകരിക്കുന്നത്. അക്കാദമിക് കലണ്ടറിൽ ജനുവരി 20-ന് നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിലാണ് മൂന്നാംസെമസ്റ്റർ പരീക്ഷ നടന്നതെന്നിരിക്കെ നാലാം സെമസ്റ്ററിന്റെ ക്ലാസ് എങ്ങനെ ജനുവരിയിൽ തുടങ്ങാനാവുമെന്നാണ് ചോദ്യം.

error: Content is protected !!