
സിപിഐ എമ്മിന്റെ കരി ദിനാചരണം ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ആയതിൽ പ്രതിഷേധിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐഎമ്മിന്റെ തീരുമാനം ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചിരുന്നു . ഇരട്ടക്കൊലപാതകം നടന്നിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് സിപിഐഎം പ്രതിഷേധിക്കുന്നത് എന്നതാണ് വെള്ളാപ്പിള്ളി ഉയർത്തുന്ന പ്രധാന ആരോപണം . ഗുരു ജയന്തിയിൽ കരിദിനമാചരിക്കുന്നതിൽ കടുത്ത അമർഷമുണ്ടെന്നും വെളളാപ്പള്ളി പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
“ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണ്”