
മുംബൈ∙ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ കാമുകി നടി റിയ ചക്രവർത്തിക്കും റിയയുടെ പിതാവിനും സിബിഐ സമൻസ് അയച്ചു. അതേസമയം, റിയയ്ക്കോ കുടുംബത്തിനോ സിബിഐയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ലെന്നും, വിളിച്ചാൽ സിബിഐയ്ക്കു മുന്നിൽ ഹാജരാകുമെന്നും റിയയുടെ അഭിഭാഷകൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് സുശാന്തിന്റെ കുടുംബം റിയയ്ക്കെതിരെ പട്നയിൽ കേസ് ഫയൽ ചെയ്തിരുന്നു.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് റിയ കോടികൾ എടുത്തതായി സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. ഇതേത്തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിയയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കേസ് ഏറ്റെടുക്കാൻ സുപ്രീം കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ പ്രത്യേക സിബിഐ സംഘം മുംബൈയിലാണ്. ഞായറാഴ്ച സുശാന്തിന്റെ പാചകക്കാരൻ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാർഥ് പിത്താനി എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, സിബിഐ സംഘം ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് സുശാന്തിന്റെ വസതിയിലെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയ കൂപ്പർ ആശുപത്രിയിലും സിബിഐ സംഘം എത്തി. റിയയ്ക്ക് മോർച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോർച്ചറിയിൽ 45 മിനിറ്റ് സമയത്തേക്കാണ് പ്രവേശനം നൽകിയത്. റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി കർണി സേന അനുയായി സുർജിത് സിങ് വെളിപ്പെടുത്തിയിരുന്നു. ഇതും സിബിഐ അന്വേഷിക്കുന്നുണ്ട്. ജൂൺ 14 നാണ് സുശാന്തിനെ (34) മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.