
Report: National Desk
ബിജെപിയ്ക്കെതിരെ രാഷ്ട്രീയ നീക്കവുമായി കര്‍ഷക സംഘടനകള്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം 98-ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴാണ് പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും കര്‍ഷക സംഘടനാനേതാക്കള്‍ സന്ദര്‍ശനം നടത്തും.
കര്‍ഷക കൂട്ടായ്മകളും പൊതുപരിപാടികളും സംഘടിപ്പിച്ച് ബിജെപി സര്‍ക്കാരിൻ്റെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ തുറന്നു കാണിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് കര്‍ഷക സംഘടനാ വക്താക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഈ മാസം മാര്‍ച്ച് 12ന് പശ്ചിമ ബംഗാളിലായിരിക്കും ബിജെപി വിരുദ്ധ പ്രചാരണത്തിന് തുടക്കമിടുക. ഏതെങ്കിലും പാര്‍ട്ടിയ്ക്കായി വോട്ട് ചോദിക്കില്ലെന്നും ബിജെപിയ്ക്ക് എതിരായി വോട്ട് ചെയ്യണമെന്ന് മാത്രമായിരിക്കും ആവശ്യപ്പെടുകയെന്നും ഭാരതീയ കിസാൻയൂണിയൻ നേതാവ് ബൽബീര്‍ സിങ് രജേവാള്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ കര്‍ഷകരോടുള്ള സമീപനമായിരിക്കും പ്രചാരണത്തിൽ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നത്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന് തെരഞ്ഞെടുപ്പിൽ ശിക്ഷ നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും പറഞ്ഞു . കര്‍ഷക നേതാക്കള്‍ അഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.