
Report: News Desk
മുക്കം: സിനിമാ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ സിദ്ദീഖ് ചേന്ദമംഗല്ലൂർ മുസ്ലീം ലീഗിൽ ചേർന്നു.ഇന്ന് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.ഫിറോസ്, ടി.പി. അഷ്റഫ് അലി, സി.കെ കാസിം, ബർകത്തുളള ഖാൻ, മുനീർ താന്നിക്കണ്ടി, നിഷാദ് നെല്ലി എന്നിവർ സംബന്ധിച്ചു.സിദ്ദീഖ് ചേന്ദമംഗല്ലൂർ പാർട്ടിയിലേക്ക് വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടെത്താണിയും സി.പി. ചെറിയമുഹമ്മദും നേരത്തെ പറഞ്ഞിരുന്നു.ചേന്ദമംഗല്ലൂരിൽ പുതിയ 33 യുവാക്കൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്യവെയാണ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ രാഷ്ട്രീയ പ്രവേശത്തെകുറിച്ച് സൂചന നൽകിയിരുന്നത്.
നേരത്തെ എം. എസ്. എഫ് രാഷ്ടീയത്തിലൂടെ മുക്കം എം.എ.എം.ഒ ചെയർമാൻ ആയ സിദ്ദീഖ് ചേന്ദമംഗല്ലൂർ യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.
പിന്നീട് പാർട്ടി വിട്ട് ആംആദ്മിയിലേക്ക് ചേക്കേറിയെങ്കിലും കഴിഞ്ഞ വർഷം രാജിവെച്ചിരുന്നു.രാജിക്ക് ശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയെങ്കിലും മുസ്ലീം ലീഗിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു.സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ പാർട്ടി പ്രവേശനം പ്രവർത്തകർക്ക് ഏറെ ആവേശം സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ പറയുന്നത്.
അഞ്ച് ഫിലിം ക്രിറ്റിക്സ് അവാർഡും രണ്ട് സംസ്ഥാന അവാർഡുകളുമടക്കം 28 അവാർഡുകൾ വാരിക്കൂട്ടിയ “ഊമക്കുയിൽ പാടുമ്പോൾ”, തലൈവാസൽ വിജയ് നായകനായ “കുഞ്ഞിരാമന്റെ കുപ്പായം” എന്നിവയാണ് സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ പ്രധാന സിനിമകൾ.