ഇനി ആധാറിലെ വിവരങ്ങള്‍ പുതുക്കാന്‍ ക്യൂ നില്‍ക്കണ്ട; വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം ഈസിയായി, ഡിസംബര്‍ 31 വരെ സൗജന്യം

കോഴിക്കോട്: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നത് കൂടുതല്‍ ലളിതമാക്കി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇനി ആധാര്‍ സേവനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഔദ്യോഗിക ആധാര്‍ ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണിലൂടെ ഇ-മെയില്‍ വിലാസം ചേര്‍ക്കാനും പുതുക്കാനും കഴിയും.

2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ ഈ സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. സാധാരണയായി ഈടാക്കുന്ന 75 രൂപ ഫീസ് ഈ കാലയളവില്‍ ഒഴിവാക്കിയതായി യുഐഡിഎഐ അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ സൗകര്യം ലഭ്യമാണ്.

പുതിയ ഫീച്ചറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേവനം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 2.5 ലക്ഷത്തിലധികം പേര്‍ ആപ്പ് ഉപയോഗിച്ച് ഇ-മെയില്‍ വിലാസം പുതുക്കിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം അറിയിച്ചു.

ആധാറുമായി ഇ-മെയില്‍ വിലാസം ബന്ധിപ്പിക്കുന്നത് സുരക്ഷാ കാഴ്ചപ്പാടില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ഇ-മെയില്‍ അലര്‍ട്ട് ലഭിക്കുന്നതിനാല്‍ ദുരുപയോഗം തടയാനും സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കും.

ഈ സൗകര്യം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഔദ്യോഗിക ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ നിലവിലുള്ള ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ വേണം. തുടര്‍ന്ന് ആപ്പിലെ ‘ഇ-മെയില്‍ അപ്‌ഡേറ്റ്’ ഓപ്ഷന്‍ വഴി ഇ-മെയില്‍ വിലാസം എളുപ്പത്തില്‍ ചേര്‍ക്കുകയോ മാറ്റുകയോ ചെയ്യാം.

ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. മൊബൈല്‍ നമ്പറും വിലാസവും പുതുക്കാനുള്ള സൗകര്യം ഇതിനകം ആപ്പിലുണ്ട്. ഇതുവരെ 4 കോടിയിലധികം പേര്‍ മൊബൈല്‍ നമ്പറും 10 ലക്ഷത്തോളം പേര്‍ വിലാസവും ആപ്പ് വഴി പുതുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!