സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ഉയരുന്നു

Report: News Desk

താമരശ്ശേരി: സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തം.വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ യാണ് ജനങ്ങൾ പ്രതികരിക്കുന്നത്. ഇന്നലെ ടൗണിൽ പൈപ് സ്ഥാപിക്കുന്നിടത്തുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ ടാങ്കർ ലോറിക്കടിയിൽ പെട്ട് മരിച്ചതോടെ ജനരോഷം ശക്തമായിട്ടുണ്ട്. കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി പി. അപ്പുനായരാണ് ഇന്നലെ മരിച്ചത്. ഇത്തരം സ്ഥലങ്ങളിൽ ആവശ്യമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ച് ഗതാഗത നിയന്ത്രണത്തിനു മതിയായ പൊലീസിനെ നിയോഗിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഗതാഗത തിരക്കേറിയ ദേശീയ പാതയിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതുമൂലം പണി നടക്കുന്ന ഭാഗം അഴിയാക്കുരുക്കിൽ പെട്ട് വാഹന യാത്രക്കാർ ചക്രശ്വാസം വലിക്കുകയാണ്. ദേശീയപാതയിൽ, ടൗണുകളിൽ പ്രത്യേകിച്ചും രാത്രി പൈപ് സ്ഥാപിക്കുന്ന പണി നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുവള്ളി മദ്രസ ബസാറിനടുത്ത് പൈപ് ലൈൻ സ്ഥാപിക്കുന്നിടത്തുണ്ടായ അപകടത്തിൽ 3 ജീവനാണ് പൊലിഞ്ഞത്.

കഴിഞ്ഞ 24നു രാവിലെ താമരശ്ശേരി കാരാടിയിൽ ബൈക്ക് യാത്രക്കാർ പൈപ് സ്ഥാപിക്കാൻ നിർമിച്ച കുഴിയിൽ ചാടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ താമരശ്ശേരിയിൽ ഉണ്ടായ അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് എട്ടരയോടെ പരപ്പൻപൊയിൽ– അണ്ടോണ റോഡിൽ ഗെയ്‌ൽ പൈപ്പ് ലൈനിട്ട ഭാഗത്ത് റോഡ് താഴ്ന്ന് കുഴിയിൽ വീണ് താമരശ്ശേരി സ്വദേശി സുനിൽ കടവൂരിന് പരുക്കേറ്റു.

error: Content is protected !!