
Report: News Desk
മുക്കം: മുക്കം ഗവ. പോളിടെക്നിക് യാഥാർഥ്യമാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് . ചേന്നമംഗല്ലൂർ മംഗലശ്ശേരി വനഭൂമിയിലായിരുന്നു ഗവ .പോളിടെക്നിക് ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയിരുന്നത്. 2015 ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ച് നടപടികൾ ആരംഭിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള 5 ഏക്കർ ഇതിനായി കണ്ടെത്തുകയും ചെയ്തു. 2014 ൽ യുഡിഎഫ് ഭരണകാലത്ത് മംഗലശ്ശേരി തോട്ടത്തിൽ പോളിടെക്നിക് ആരംഭിക്കുന്നതിന് ബജറ്റിൽ തുകയും വകയിരുത്തി.തുടർന്ന് വന്ന ഇടതു സർക്കാരും ബജറ്റിൽ തുക ഉൾപ്പെടുത്തി. വനം വകുപ്പിന്റെ സ്ഥലം റവന്യു വകുപ്പിനു കൈമാറ്റം ചെയ്താലേ തുടർ നടപടികൾ സാധ്യമാകൂ. പക്ഷേ, നടപടികളിൽ പാളിച്ചകൾ മൂലം കൈമാറ്റം നടന്നില്ല. ഇതോടെ ഗവ പോളിടെക്നിക് മുക്കത്തിനു നഷ്ടമാവുമെന്ന അവസ്ഥയായി. തുടർന്ന് പോളിടെക്നിക്കിന് മുത്താപ്പുമ്മൽ 5 ഏക്കർ വിട്ടു നൽകാൻ ചേന്നമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷൻ സന്നദ്ധത അറിയിച്ചു. 2018 ൽ സ്ഥലത്ത് സാധ്യതാ പഠനം നടത്തി. തൃപ്തികരമെന്ന് അധികൃതർ മേലധികാരികൾക്ക് റിപ്പോർട്ടും നൽകി.
നോഡൽ ഓഫിസറെയും നിയമിച്ചു കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. ഇസ്‌ലാഹിയ അസോസിയേഷൻ സൗജന്യമായി വിട്ടു നൽകാമെന്നു പറഞ്ഞ സ്ഥലം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്പെഷൽ ഓഫിസർ കെ.പി.രാജീവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് അനുകൂലമായ റിപ്പോർട്ടും നൽകിയിരുന്നു.നിലവിൽ മലപ്പുറം ജില്ലയിൽ 3 ഗവ. പോളിടെക്നിക്കുകളുണ്ട്. കോഴിക്കോട് ജില്ലയിൽ 2 എണ്ണം മാത്രമേ ഒള്ളു .ചേന്നമംഗല്ലൂർ ഭാഗത്ത് ഗവ. പോളിടെക്നിക് യാഥാർഥ്യമായാൽ മലയോര മേഖല ഉൾപ്പെടെയുളള സ്ഥലങ്ങളിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് ഏറെ ഉപകാരപ്രദമാവും.
സർക്കാർ അനുവദിച്ച തുകയും എഐസിടിയുടെ അംഗീകാരത്തോടെയുളള ഗ്രാന്റും ഉപയോഗിച്ച് പോളിടെക്നിക്കിന് സ്വന്തമായി കെട്ടിടം നിർമിക്കുക എന്നതും എളുപ്പമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള എഐസിടിക്ക് കെട്ടിട നിർമാണത്തിന് കോടികൾ ചെലവഴിക്കാൻ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടികാട്ടിയിരുന്നു. തിരുവമ്പാടി നിയോജക മണ്ഡലത്തിനു പുറമെ കുന്നമംഗലം, കൊടുവള്ളി നിയോജക മണ്ഡലങ്ങളിലെ വിദ്യാർഥികൾക്ക് കൂടി വലിയ പ്രയോജനമായിരിക്കും ചേന്നമംഗല്ലൂർ മേഖലയിൽ മുക്കം ഗവ പോളിടെക്നിക് യാഥാർഥ്യമായാൽ.