കോഴിക്കോട് ഓട്ടോ തൊഴിലാളികൾ എന്ന വ്യാജേന ലഹരി വിൽപന; രണ്ട് പേർ പിടിയിൽ

കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്നു എംഡിഎംഎ കൊണ്ടു വരുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിൽ. പയ്യാനക്കൽ പട്ടർ തൊടി സ്വദേശി പള്ളി പൊറായിൽ വീട്ടിൽ സർജാസ് (41), വെള്ളയിൽ സ്വദേശി നാലു കുടി പറമ്പിൽ ഹാഷിം (50) എന്നിവരെയാണ് 38 ഗ്രാം എംഡിഎംഎ യുമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പാളയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപന നടത്തുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇവർ പിടിയിലായത്. ഇരുവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.

ഓട്ടോ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. മാസത്തിൽ പല തവണ ബെംഗളൂരുവിൽ എത്തി മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപന നടത്തിയിരുന്നു. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐമാരായ അഖിലേഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്.എം, സുനോജ്, ലതീഷ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പവൻ.എം.സി, കിരൺ കുമാർ, സജി, എസ്​സിപിഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!