കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ ..പൂക്കാതിരിക്കാൻ എനിക്കാവതില്ലെ ;വിഷു ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പടക്ക വിപണി സജീവം

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ ..പൂക്കാതിരിക്കാൻ എനിക്കാവതില്ലെ കവി അയ്യപ്പ പണിക്കരുടെ കവിതയിലെ ഈരടി പോലെ വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞു പീതവർണ്ണമണിഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ് നാടെങ്ങും. വിഷു ആഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കണിക്കൊന്നയ്ക്ക്. വിഷു ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വിഷുക്കണിയൊരുക്കുന്നതിനു കണിക്കൊന്നയ്ക്കുള്ള സ്ഥാനം ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ കണിയൊരുക്കാനുള്ള കൃഷ്ണ വിഗ്രഹത്തിനും, കണി വെള്ളരിക്കുമൊപ്പം കണിക്കൊന്നയും വിൽപ്പനക്കുവെക്കുന്ന കാഴ്ചയും വിഷുക്കാലത്ത് വഴിനാണിഭങ്ങളിലെ കാഴ്ചയാണ്.

കണിക്കൊന്നയെ കുറിച്ച് നിരവധി ഐതീഹ്യങ്ങളും നിലവിലുണ്ട്. ത്രേതായുഗത്തിൽ രാവണൻ അപഹരിച്ച സീതയെ അന്വേഷിച്ചു പോകുന്ന ശ്രീരാമൻ വഴിമധ്യേ സുഗ്രീവനെ കണ്ടുമുട്ടുകയും സഖ്യമുണ്ടാക്കുകയും ചെയ്തു. സീതയെ കണ്ടുപിടിക്കാൻ സഹായിക്കമെന്ന സുഗ്രീവന്റെ ഉറപ്പിന്മേൽ സുഗ്രീവനുവേണ്ടി ബാലിയെ വധിക്കാമെന്നു ശ്രീരാമനും ഉറപ്പു നൽകുന്നു. തുടർന്ന് ഒരു മരത്തിനു പിന്നിൽ മറഞ്ഞു നിന്നാണ് രാമൻ ബാലിയെ വധിക്കുന്നത്. പിന്നീട് ഈ മരം കാണുന്നവരൊക്കെ അതിനെ നോക്കി കൊന്നമരം എന്ന് വിളിക്കാൻ തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. ഏതായാലും വിഷുവിന്റെ വരവറിയിച്ചു ദിവസങ്ങൾക്കു മുൻപേ വഴിയോരങ്ങളിലും,ഗൃഹാങ്കണങ്ങളിലും കണികൊന്ന നിറയെ പൂത്തുലഞ്ഞു നിൽക്കുന്നത് നയന മനോഹരമായ കാഴ്ച തന്നെയാണ്.

അതേസമയം വിഷു ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പടക്ക വിപണി സജീവമായി . കണിയൊരുക്കത്തിനും കൈനീട്ടത്തിനുമൊപ്പം വർണാഭമായ പടക്കങ്ങൾകുടി ഉണ്ടെങ്കിലേ വിഷു ആഘോഷം മലയാളിക്ക് പൂർണ്ണമാക്കാനാകൂ. പടക്കമില്ലാത്ത വിഷു ആലോചിക്കാൻ പോലുമാകില്ല ഭൂരിഭാഗംപേർക്കും. ഉത്സവ പറമ്പിലെ വെടിക്കെട്ടിന് സമാനമായ രീതിയിലാണ് പലരും സ്വന്തം വീട്ടിൽ പടക്കം പൊട്ടിക്കുന്നത്. ഈ ആവേശം പടക്ക വിപണിയിലും പ്രകടമാണ്. ഇൻസ്റാഗ്രാമിലടക്കം വൈറലായ ‘അഴിഞ്ഞാട്ടം ഷോട്ട് ആണ് ഈ വർഷത്തെ പടക്ക വിപണിയിലെ ട്രെൻഡെന്നാണ് വ്യാപാരികൾ പറയുന്നതു. ഏറ്റവും ആവശ്യക്കാരുള്ള ‘അഴിഞ്ഞാട്ടം ഷോട്ട് 30 കളറിലാണ് പൊട്ടുക. കഴിഞ്ഞവർഷം വിപണിയിലിറങ്ങിയ മയിൽ പീലി വിടർത്തുന്നത് പോലെ കത്തിയാടുന്ന ഐറ്റം ഇത്തവണ ശബ്ദം കൂട്ടിയിട്ടുണ്ട് ,ശബ്ദത്തോടെയുള്ളതായിട്ടുണ്ട്. ക്രാക്ക്ളിങ് മെഗാ പീകോക്ക് എന്ന പേരിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്.

കുട്ടികൾക്കായുള്ള ബണ്ണി, നാനോ ഫൗണ്ടേൻ, കോക്ക്‌ടെയിൽ, ജോളി ബേബി എന്നിവക്കും ആവശ്യക്കാരേറെയുണ്ട്. സ്പോർട്സ് മൈതാനങ്ങളിൽ വശങ്ങളിൽനിന്ന് വർണവിസ്മയം തീർക്കുന്ന ഐറ്റത്തിൻ്റെ കൂട്ടികൾക്കുള്ളത് ‘മോജോ’ എന്ന പേരിലും എത്തിയിട്ടുണ്ട്. കൂടാതെ ഫണ്ണി ബണ്ണി, കോക്ക്‌ടെയിൽ സ്പിന്നർ, ജോളി എലിഫന്റ്, ദിൽസേ, ടോപ് ടക്കർ, ഹെലികോപ്റ്റർ,ഡ്രോൺ, ലോ ട്ടസ് എന്നീ പേരുകളിലെല്ലാം പടക്കങ്ങൾ വിപണിയിലുണ്ട്. കൂടുതൽ വർണാഭമാകുമ്പോഴും ശബ്ദം കൂടുന്നതിനനുസരിച്ചും കൂടുതൽ മീറ്റർ ആകാശത്തേക്ക് പൊങ്ങുന്നതിനനുസരിച്ചുമെല്ലാം വില ഏറിയും കുറഞ്ഞുമിരിക്കും. ഫാൻസി പടക്കങ്ങൾ മാത്രം 10 രൂപ മുതൽ എട്ടായിരം രൂപ വരെ വിലയുള്ളവയുണ്ട്. പഴയ കാലത്തെ ഓലപ്പടക്കവും അമിട്ടു മെന്നും പലർക്കും വേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!