
newsdesk
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവരിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടവരെ കൈയൊഴിഞ്ഞ് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അർഹരായ എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞുവെന്നാണ് കമീഷന്റെ നിലപാട്. എല്ലാവർക്കും കൃത്യമായ നിർദേശം നൽകിയിരുന്നു. വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു. വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഒന്നുംപറയാനില്ലെന്ന് രത്തൻ കേൽക്കർ വ്യക്തമാക്കി.
ആവശ്യമായ സൗകര്യമൊരുക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടതിനാൽ, ഇരുപതിനായിരത്തിലേറെ പേർക്ക് വോട്ടുചെയ്യാനായില്ലെന്നാണ് സർവീസ് സംഘടനകളുടെ ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരിൽ 1,35,068 പേർ വോട്ട് ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മണ്ഡലത്തിൽ വോട്ട് ചെയ്യാനും ഇവർക്ക് അവസരം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഇവിഎം വഴി രേഖപ്പെടുത്തിയ വോട്ട് എണ്ണുന്ന സമയത്തുമാത്രമേ അറിയാൻ കഴിയൂ. എത്ര പേരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് എന്ന കണക്ക് കമീഷൻ വെളിപ്പെടുത്തിയില്ല.