വയനാട് തുരങ്കപാത; ഫസ്റ്റ് ബ്ലാസ്‌റ്റ് ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി

കോഴിക്കോട്: വയനാടിനെയും കോഴിക്കോടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ പാറ പൊട്ടിക്കലിന്റെ ഭാഗമായുള്ള ആദ്യ സ്‌ഫോടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. താമരശേരി ചുരത്തിന് ബദലായി വരുന്ന തുരങ്കപാതയുടെ പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തിക്കാണ് ഇന്ന് തുടക്കമായത്.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) വരെയാണ് തുരങ്കപാത. കൊങ്കൺ റെയിൽവേ കോർപ്പറേഷന്‍റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പൂർത്തിയാവുന്നതോടെ കോഴിക്കോട് നിന്നും വയനാട് വരെയുള്ള യാത്രാ ദൂരം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ 8.7 കിലോമീറ്ററാണ് ദൂരം. പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചത്. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

കേരളത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണിത്. 8.73 കിലോമീറ്ററാണ് ഈ തുരങ്കപാതയുടെ ആകെ ദൈർഘ്യം. നാല് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

പതിവായി ഗതാഗതക്കുരുക്കും മണ്ണിടിച്ചിലും അനുഭവപ്പെടുന്ന താമരശ്ശേരി ചുരത്തിന് മികച്ചൊരു ബദൽ കൂടിയാകും ഈ പാത. കോഴിക്കോട് നിന്ന് വയനാട്ടിലേക്കും തുടർന്ന് കർണാടകയിലേക്കുമുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

ആദ്യ ബ്ലാസ്റ്റിങ്ങിനായി പ്രദേശത്ത് കർശന സുരക്ഷാക്രമീകരണങ്ങളായിരുന്നു ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ സ്ഫോടനം നടക്കുന്ന മേഖലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ചരിത്രപരമായ ഈ മുഹൂർത്തം തത്സമയം കാണുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

error: Content is protected !!