
Report: News Desk
കോഴിക്കോട്: ചെറുവണ്ണൂർ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല.
ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 20 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാൽ തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ അടിയന്തര നടപടികൾ സ്വീകരിക്കാനായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ തീപ്പിടിത്തം ഉണ്ടായ ഉടൻ പോലീസ് എടുത്തുമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. നല്ലളം പോലീസിന്റെ നേതൃത്വത്തിൽ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സമീപത്ത് കാർഷോറൂമുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉള്ളതിനാൽ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. ആക്രിസാധനങ്ങൾക്ക് തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോൾ മറുഭാഗത്ത് തീ ആളിപ്പടരുകയാണ്. അതിനാൽ തന്നെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.