
newsdesk
മലയാളികളുടെ വിഭവങ്ങളിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒരു ഘടകമാണ് കറിവേപ്പില. പോഷകസമ്പന്നമായ കറിവേപ്പില കറികൾക്ക് മണവും സുഗന്ധവും നൽകുന്നു. എന്നാൽ ഇതുപയോഗിച്ചൊരു അച്ചാർ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ സ്വാദിഷ്‌ടമായ കറിവേപ്പില അച്ചാർ തയ്യാറാക്കാൻ കഴിയും.
ആദ്യം കറിവേപ്പില കഴുകി വൃത്തിയാക്കി ഉണക്കി എടുക്കുക.
ഒരു കപ്പ് തിളച്ച വെള്ളത്തിലേക്ക് കുരുകളഞ്ഞ വാളൻ പുളിയിട്ട് കുതിരാനായി വയ്‌ക്കുക.
അടിഭാഗം കട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്‌പൂൺ എള്ളെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഉലുവ, ജീരകം, കടലപ്പരിപ്പ് എന്നിവ ചേർക്കാം.
ഇവ മൂത്തു വരുമ്പോൾ തൊലി കളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റാം. ഇതിലേക്ക് കറിവേപ്പില ചേർത്ത് നന്നായി യോജിപ്പിക്കുക.
കറിവേപ്പില നന്നായി മൊരിഞ്ഞ് വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയെടുക്കാം
ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി വയ്‌ക്കാം.
തണുത്തതിനു ശേഷം ഈ മിശ്രിതം നന്നായി അരച്ചെടുക്കുക്കാം. ഈ സമയം നേരത്തെ തയ്യാറാക്കി വച്ച പുളിവെള്ളം കൂടി ചേർക്കുക.
ഒരു കടായിയിൽ കാൽ കപ്പ് എള്ളെണ്ണ ചൂടാക്കാം. അതിൽ കടുക് വറുത്ത ശേഷം ചെറുതായി അരിഞ്ഞു വച്ച ഇഞ്ചി, വെളുത്തുള്ളി, കാന്താരിമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കാം.
ഈ മിശ്രിതത്തിലേക്ക് കായപ്പൊടി ചേർത്ത് യോജിപ്പിക്കാം
ശേഷം നേരത്തെ ചേർത്ത് വച്ച കറിവേപ്പില മിശ്രിതം ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം.
ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്‌പൂൺ ശർക്കര, വിനാഗിരി എന്നിവ കൂടി ചേർത്ത് യോജിപ്പിച്ചു കഴിഞ്ഞാൽ സ്വാദിഷ്‌ടമായ കറിവേപ്പല അച്ചാർ റെഡി.