മുക്കം നഗരസഭയിൽ നിന്നും വീൽച്ചെയറിൽ കന്നിയങ്കത്തിന് റീജ ഇറങ്ങുന്നു

മുക്കം: പരിമിതികൾ ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കാൻ മുക്കം മുൻസിപ്പാലിറ്റിയിൽ നിന്നും വീൽച്ചെയറിൽ കന്നിയങ്കത്തിന് ഇറങ്ങുകയാണ് റീജ.

ഭിന്നശേഷിക്കാർക്ക് പല മേഖലകളിലും സംവരണമുണ്ട്.പക്ഷേ, തിരഞ്ഞെടുപ്പിൽ സംവരണം എവിടെയും കേട്ടിട്ടില്ല.അധ്വാനിച്ച് കുടുംബം പോറ്റാനും മറ്റുള്ളവർക്ക് മാതൃകയാകാനുമൊക്കെ സാധിക്കുമെങ്കിൽ എന്തുകൊണ്ട് സ്ഥാനാർഥിയായിനിന്നുകൂടാ.

മുക്കം നഗരസഭയിലെ കയ്യേരിക്കൽ ഡിവിഷനിലെ (27) എൻഡിഎ സ്ഥാനാർഥി റീജ തെക്കെപ്പൊയിൽ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. പത്താം വയസ്സിൽ പോളിയോ രോഗം തളർത്തിയതാണ് റീജയുടെ ചലനശേഷിയും സ്വപ്നങ്ങളും. പക്ഷേ, വിധിക്കുമുന്നിൽ തളരാൻ തയ്യാറായില്ല. കന്നിയങ്കത്തിനിറങ്ങിയ റീജ വോട്ടുതേടിയെത്തുക ഇലക്ട്രിക് വീൽച്ചെയറിലായിരിക്കും.

ശരീരമാകെ തളർന്നതോടെ അഞ്ചാംക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. തുടർന്ന് കോഴിക്കോട് ] മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി ഏറെനാളത്തെ ചികിത്സ. കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും കാലുകൾ ഇപ്പോഴും നിശ്ചലമാണ്. അതിനിടെ അച്ഛനെ നഷ്ടമായി.

പക്ഷാഘാതം വന്നതോടെ അമ്മയ്ക്ക് ജോലിക്കുപോകാൻ പറ്റാത്ത അവസ്ഥയുമായി.മണാശ്ശേരിയിൽ തയ്യൽക്കട നടത്തിയാണ് റീജ കുടുംബം പുലർത്തുന്നത്. കൈകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ തയ്ക്കുന്നത്.

നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ മുച്ചക്രവാഹനവിതരണ പദ്ധതിയിലൂടെ അധികൃതർ റീജയ്ക്കും വാഹനം ലഭ്യമാക്കിയിരുന്നു. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം നൽകാനാവില്ലെന്ന് അറിയിച്ചപ്പോൾ ഓൾ കേരള വീൽച്ചെയേഴ്സ് റൈറ്റ്സ് ഫെഡറേഷനെ ബന്ധപ്പെട്ടു. സംഘടനയുടെ സഹായത്തോടെ കളക്ടറെ സമീപിച്ചു. അദ്ദേഹം ആർടിഒ ഓഫീസറുമായി സംസാരിച്ച് അൽപ്പം സാവകാശം നേടിക്കൊടുത്തു.

സുഹൃത്തിന്റെ വാഹനത്തിൽ ഡ്രൈവിങ് പഠിച്ച് ദിവസങ്ങൾക്കകം ലൈസൻസെടുത്ത് നഗരസഭയിൽനിന്നും തനിക്കവകാശപ്പെട്ട മുച്ചക്രവാഹനം സ്വന്തമാക്കുകയും ചെയ്തു.

കാലപ്പഴക്കത്തെ തുടർന്ന് മുച്ചക്ക്രവാഹനം ഉപയോഗ്യമല്ല. തിരഞ്ഞെടുപ്പ് കാലത്ത് മഴ കൂടിയായതിനാൽ സുഹൃത്തിന്റെ കാറിലെത്തിയാണ് ഇപ്പോൾ വോട്ടഭ്യർത്ഥിക്കുന്നത്. മഴ മാറിയാൽ വീൽചെയറിൽ വോട്ടഭ്യർത്ഥിക്കാനിറങ്ങുമെന്ന് റീജ പറഞ്ഞു.

error: Content is protected !!