കോഴിക്കോട് മ‍െഡി. കോളജ് മോർച്ചറിയിൽ അവകാശികളില്ലാതെ മൃതദേഹങ്ങൾ; മരിച്ച മനുഷ്യർക്കുമില്ലേ, അവകാശങ്ങൾ?

ചേവായൂർ.∙ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ അവകാശികളില്ലാതെ 13 മൃതദേഹങ്ങൾ രണ്ടു മാസത്തിലധികമായി സംസ്‌കാരം കാത്തുകിടക്കുന്നു. നിലവിൽ മോർച്ചറിയിലെ 2 യൂണിറ്റുകളിലായി (കോൾഡ് റൂം) 36 മൃതദേഹങ്ങൾ സൂക്ഷിച്ചുവയ്ക്കാനാണു സൗകര്യമുള്ളത്. എന്നാൽ ഒരു യൂണിറ്റിന്റെ മോട്ടറും മറ്റും കേടായതിനെ തുടർന്ന് നവീകരണ പ്രവൃത്തി നടന്നുവരുന്നതിനാൽ പരമാവധി 18 മൃതദേഹങ്ങൾ സൂക്ഷിക്കാനേ കഴിയൂ.

ദിവസം ശരാശരി 12 മൃതദേഹങ്ങൾ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് എത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിക്കാതെ വരുന്ന മൃതദേഹങ്ങൾ കോൾഡ് റൂമിലേക്ക് മാറ്റേണ്ടി വരുമ്പോൾ മോർച്ചറിയിൽ സ്ഥലപരിമിതിയുണ്ടാകുന്നു. തുടർന്ന് നവീകരണ പ്രവൃത്തി നടക്കുന്ന കോൾഡ് റൂമിലേക്കും താൽക്കാലികമായി മൃതദേഹങ്ങൾ മാറ്റി സൂക്ഷിക്കേണ്ടി വരുന്നു.

അനാട്ടമി ചട്ടമനുസരിച്ച്, മരിച്ച് 72 മണിക്കൂറിനുള്ളിൽ മാന്യമായ സംസ്‌കാരം നടത്തണം. മരിച്ചവരുടെ ബന്ധുക്കൾ എത്തുന്നില്ലെങ്കിൽ മൃതദേഹത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട പൊലീസിനുമാണ്. പൊലീസ് അതത് പ്രദേശത്ത് അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തിയില്ലെങ്കിൽ മറ്റു മെഡിക്കോ ലീഗൽ പ്രശ്‌നങ്ങളില്ലെങ്കിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകണം. എൻഒസി കിട്ടാൻ താമസം നേരിടുന്നതാണ് മൃതദേഹങ്ങൾ അനിശ്ചിതമായി കാത്തുകിടക്കേണ്ട അവസ്ഥയ്ക്കു കാരണം.

ചേവായൂർ, വെള്ളിമാട്കുന്ന്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലെ ഉദയം ഹോമുകളിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ വെള്ളയിൽ, ചേവായൂർ, എലത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ ചേവായൂർ സ്‌റ്റേഷൻ പരിധിയിൽ നിന്ന് 5, വെളളയിൽ 5, എലത്തൂർ 1 എന്നിങ്ങനെയാണ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ കണക്ക്. ഈ സ്‌റ്റേഷനുകളിൽ നിന്ന് എൻഒസി കിട്ടിയാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർക്കാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കേണ്ട ചുമതല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് കൃത്യമായി നൽകുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.

രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താനുള്ള സാധ്യത കോടതി നിർദേശിച്ചെങ്കിലും അതിനാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ആരംഭിച്ചിട്ടില്ല. പകൽ പോലും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയിൽ രാത്രിയുടെ കാര്യം പരിഗണിക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇപ്പോൾ താൽക്കാലിക നിയമനത്തിനു പോലും ആളെക്കിട്ടാത്ത അവസ്ഥയുമാണ്. 2 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മോർച്ചറി കോംപ്ലക്‌സ് സ്ഥാപിക്കാൻ വർഷങ്ങൾക്ക് മുൻപ് സമർപ്പിച്ച റിപ്പോർട്ടും ഫയലിൽ തന്നെ. ഈയിടെ അന്തരിച്ച ഡോ.ഷെർലി വാസു ഫൊറൻസിക് വിഭാഗം മേധാവിയായിരിക്കെയാണ് മോർച്ചറി നവീകരണത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.

error: Content is protected !!