കോഴിക്കോട് അനാശാസ്യ കേന്ദ്ര ‘നടത്തിപ്പുകാരായ’ പൊലീസുകാർ പിടിയിൽ; താമരശ്ശേരി കോരങ്ങാട് ഒരു വീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ ഇവർ പിടിയിലായത്

കോഴിക്കോട് ∙ നഗരത്തിലെ മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. പൊലീസ് എആർ ക്യാംപ് ഡ്രൈവർമാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ ഇവർ പിടിയിലായത്.

6 വർഷമായി പ്രണയം, വിവാഹത്തിനു നിർബന്ധിച്ച കാമുകിയെ കൊന്നു കുഴിച്ചുമൂടി; അറസ്റ്റ്
ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചുവന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ ഇവർക്കു മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

നേരത്തേ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു പൊലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായാണ് കണ്ടെത്തിയത്.

താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇവർ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പുതിയ ഒളിസ്ഥലം തേടി പോകുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അഞ്ചു വര്‍ഷം മുന്‍പാണ് മുഖ്യനടത്തിപ്പുകാരനായ പൊലീസുകാരനും സ്ഥാപനത്തിലെ മാനേജറും കാഷ്യറുമായ വയനാട് സ്വദേശി ബിന്ദുവും പരിചയപ്പെട്ടത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയതായിരുന്നു. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അവിടെ പ്രവർത്തിച്ചുവന്ന അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോപണ വിധേയരായ പൊലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ആരോപണവിധേയരായ പൊലീസുകാർ പലപ്പോഴായി ഇവിടെ എത്തുന്നതായും വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നി. ഇതിനിടയിൽ പൊലീസ് സേനയിൽ സംഭവം ചർച്ചയായതോടെ ചിലർ പൊലീസുകാരന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ നടക്കാവ് ഇൻസ്പെക്ടറും വനിത എസ്ഐയും ഇതിനെതിരെ കർശന നിലപാടെടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായി.

അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ച യുവതികൾക്ക് ഇടപാടിന് എത്തുന്നവർ നൽകുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണെന്നും പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. യുവതികളുമായുള്ള വാട്സാപ് ചാറ്റുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. പ്രതിദിനം അര ലക്ഷം മുതൽ ഒരു ലക്ഷം വരെയായിരുന്നു അനാശാസ്യ കേന്ദ്രത്തിലെ വരുമാനം. ഇതിൽ ഒരു ഭാഗം പൊലീസിനും നടത്തിപ്പുകാർക്കും ലഭിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ വിദേശത്തുള്ള അമനീഷ് കുമാർ എന്നയാളുമായി ചേർന്നു നഗരത്തിലും നഗരപ്രാന്തങ്ങളിലും ഭൂമി വാങ്ങിയതായി വിവരം ലഭിച്ചു. അമനീഷ് കുമാറാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചു വന്ന കെട്ടിടം വാടകയ്ക്ക് വാങ്ങിയിരുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുളള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മലാപ്പറമ്പിൽ അടുത്ത കാലത്തായി ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിയതും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലുണ്ട്.

error: Content is protected !!