
newsdesk
കാസർകോട് : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് 21ന് കാസർകോട് തുടക്കമാകും. വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കളക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ്. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ / അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
അതേസമയം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ, സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ പരസ്യ ബോർഡുകൾക്കായി 20.71 കോടി രൂപ അനുവദിച്ച ഉത്തരവിനെതിരെ വിമർശനങ്ങൾ ഉണ്ട് . പിആർഡിക്ക് ഈ ഇനത്തിൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ള 4 കോടിക്കു പുറമേയാണ് 16.71 കോടി രൂപ കൂടി അനുവദിച്ചത്. വാർഷികത്തിന്റെ പരസ്യ പ്രചാരണത്തിനു മാത്രമാണ് ഇത്രയും ഭീമമായ തുക.
500 കൂറ്റൻ പരസ്യ ബോർഡുകൾക്ക് (ഹോർഡിങ്) 15.63 കോടി രൂപയും ഇവയുടെ ഡിസൈന് 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പിആർഡിയുടെ 35 ഹോർഡിങ്ങുകളുടെ അറ്റകുറ്റപ്പണിക്കും ഇൻഷുറൻസിനുമായി 68 ലക്ഷം രൂപയും അനുവദിച്ചു. എൽഇഡി വാളുകൾക്കും എൽഇഡി സ്ക്രീനുകൾ ഉപയോഗിച്ചുള്ള വാഹന പ്രചാരണ ജാഥയ്ക്കുമായി 3.3 കോടിയും കെഎസ്ആർടിസി ബസ് –റെയിൽവേ പരസ്യങ്ങൾക്കായി ഒരു കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.