പ്രചാരണ വാഹനങ്ങളുടെ ഉപയോഗം ചട്ടം പാലിച്ചുവേണം;കോഴിക്കോട് ജില്ലാ കലക്ടർ

Report: Web Desk

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി.

ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പ്രചാരണത്തിനായി അനുവദിക്കൂ. ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്നു വാഹനങ്ങള്‍, ജില്ലാ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് വാഹനങ്ങള്‍, മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി രണ്ട് വാഹനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു സ്ഥാനാര്‍ത്ഥി പരമാവധി നാല് വാഹനങ്ങള്‍ എന്നിങ്ങനെയാണ് അനുവദിക്കുക.ഇവ ബന്ധപ്പെട്ട വരണാധികാരികൾ അനുവദിക്കും.

പ്രസ്തുത വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമാണെന്ന് കര്‍ശനമായി ഉറപ്പാക്കേണ്ടതാണ്.

രാത്രി ഒമ്പത് മണിക്കും രാവിലെ ആറു മണിക്കും ഇടക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. സ്ഥാനാര്‍ത്ഥികളുടെയും മറ്റു പ്രവര്‍ത്തകരുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ സൂചന പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിട്ടാണെന്ന് ഉറപ്പാക്കേണ്ടതാണ്.

error: Content is protected !!