
Report: Web Desk
പെട്രോൾ-ഡീസൽ കാറുകള്‍ 2030 മുതൽ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ.പ്രഖ്യാപനം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തും. നേരത്തെ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.
രാജ്യത്ത് കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ- ഡീസൽ വാഹനങ്ങളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പെട്രോൾ,ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടീഷ് വാഹന വിപണിയിൽ വലിയ മാറ്റം ഉണ്ടാക്കും എന്നാണ് നിലവിലെ പുതിയ റിപ്പോര്‍ട്ടുകള്‍.5.5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകളും ബാക്കി ഹൈബ്രിഡ് വാഹനങ്ങളും ആണെന്നാണ് കണക്കുകള്‍.
പ്രധാനമന്ത്രിയുടെ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രസംഗം അടുത്തയാഴ്ച നടക്കും. ഈ പ്രസംഗത്തില്‍ 2030ൽ നിരോധനം വരുന്നത് സംബന്ധിച്ച പ്രഖ്യാപനംനടത്തും. അതേസമയം, ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസിൽ ഇന്ധനത്തിനൊപ്പം ഇലക്ട്രിക് പവർ കൂടി ഉൾപ്പെടുത്തിയാണ് ഈ വാഹനങ്ങളുടെ പ്രവർത്തനം.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2040 മുതല്‍ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാനായിരുന്നു ബ്രിട്ടന് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ അത് 2035 ആക്കി ചുരുക്കി.