10 വയസുകാരിയെ പീഡിപ്പിച്ചത് അയൽവാസിയായ കുടക് സ്വദേശി; 15–ാം തീയതി മുതൽ അപ്രത്യക്ഷൻ

കാസർകോട്∙ കാഞ്ഞങ്ങാട്ട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ. കുടക് സ്വദേശിയായ യുവാവാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു തിരിച്ചു. ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണു പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിക്കുന്നത്‌.

വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ട് പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്കുശേഷം ഇയാൾ വീട്ടിൽനിന്നു മാറിനിന്നത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചത്‌. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിനു ലഭിച്ചു. ഇയാൾ മറ്റൊരു പോക്സോ കേസിലും പ്രതിയാണെന്നാണു സൂചന.

കഴിഞ്ഞ ബുധനാഴ്ചയാണു വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണു പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ അന്വേഷണസംഘം.

error: Content is protected !!