
newsdesk
കുന്ദമംഗലം: തിരക്കുള്ള ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകം പ്രതികൾ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി പാത്തുമ്മ, അറയിൽ വീട്ടിൽ ഷമീർ (45), കൽപ്പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കൽ വീട്ടിൽ യൂനുസ് (49) എന്നിവരാണ് പിടിയിലായത്. തിരക്കുള്ള ബസിൽ കയറിയാണ് ഇവർ പണവും സ്വർണവും മോഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 22 ഓളം പേർ അടങ്ങുന്ന സംഘം പോക്കറ്റ് അടിക്ക് ഇറങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
കുന്ദമംഗലം, താമരശ്ശേരി, മുക്കം ഈ ഭാഗങ്ങളിലാണ് ഇവർ കൂടുതലായും പോക്കറ്റടിക്ക് ഇറങ്ങുന്നത്. പോക്കറ്റടി സംഘത്തിൽ വയനാട്ടിലുള്ളവരും കോഴിക്കോട് ഉള്ളവരും ഉണ്ട്. രാവിലെ ബസിൽ രണ്ട് പേരായാണ് കയറുക. ഒരാൾ ബാഗുമായി കയറും ബാഗ് മറയാക്കി ഇരയുടെ അടുത്ത് ചെന്ന് ബ്ലേഡ് ഉപയോഗിച്ചാണ് കവർച്ച ചെയ്യുന്നത്. പോക്കറ്റടിച്ച പണം കൊണ്ട് പ്രതികൾ കാറും, കടയും ലോട്ടറി കച്ചവടം തുടങ്ങിയവ നടത്തി വരുന്നതായി പോലീസ് പറഞ്ഞു. ഏപ്രിൽ 13 ന് നടന്ന മോഷണത്തിനാണ് ഇപ്പോൾ പിടിയിലായത്. ജോലിക്ക് പോകുന്ന തരത്തിലുള്ള വേഷം ധരിച്ചാണ് പ്രതികൾ പോക്കറ്റടിക്ക് ഇറങ്ങുന്നത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് പ്രതികളെ വലയിലാക്കിയത്. കുന്ദമംഗലം എസ്ഐ സനീത് എസ്ഐ സുരേഷ്, എസ്ഐ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്