
newsdesk
വടകര ∙ സഹോദരി മരിച്ച് 2 ദിവസത്തിനു ശേഷം കാണാതായ പതിനെട്ടുകാരനെ മാഹി റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ എത്തുന്നതിനു തൊട്ടു മുൻപ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ചോമ്പാൽ സ്റ്റേഷനിലെ എസ്ഐ എം.പ്രശോഭ്, എസ്‌സിപിഒമാരായ പി.ടി.സജിത്ത്, ടി.ചിത്രദാസ് എന്നിവരുടെ തക്കസമയ ഇടപെടലാണ് പ്ലസ് ടു കഴിഞ്ഞ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
യുവാവ് കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയാണ് മാഹിയിൽ വന്നിറങ്ങിയത്. ഇയാളുടെ പിതാവ് ഒരു വർഷം മുൻപാണ് മരിച്ചത്. യുവാവിനെ കാണാതായ വിവരവും ഫോട്ടോയും ചോമ്പാൽ സ്റ്റേഷനിൽ എത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉടനെ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു. മംഗളൂരു – കോയമ്പത്തൂർ ട്രെയിനിന്റെ മുൻപിൽ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നു മാറ്റി. വനിതാ സെല്ലിൽ കൗൺസലിങ്ങിനു ശേഷം യുവാവിനെ നാട്ടിലേക്ക് യാത്രയാക്കി.