
newsdesk
കോഴിക്കോട് : വിവാഹമോചിതയായ മകളുമായി താത്കാലിക ഷെഡിൽ കഴിയുന്ന അമ്മയിൽ നിന്ന് ഒന്നര ഏക്കർ സ്ഥലം കൈക്കലാക്കിയെന്ന പരാതിയിൽ മകനെതിരെ നിയമ നടപടിയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
തന്നെ സംരക്ഷിക്കുന്നില്ലെന്നും ആധാരം രജിസ്റ്റർ ചെയ്ത സമയത്ത് അതിരുകളിൽ തിരിമറി നടത്തി കബളിപ്പിച്ചതായും കാട്ടി പുതുപ്പാടി സ്വദേശിനി ഏലിയാമ്മ നൽകിയ പരാതിയിലാണ് മകൻ സജി ജോസഫിനെതിരെ നിയമ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചത്. രണ്ടേക്കർ സ്ഥലമാണ് ഉണ്ടായിരുന്നതെന്നും ഇതിൽ ആദായമില്ലാത്ത മണ്ണിടിച്ചിലുള്ള അര ഏക്കർ സ്ഥലം തനിക്ക് നീക്കി വച്ച ശേഷം മകൻ ഒന്നര ഏക്കർ സ്വന്തമാക്കിയെന്നാണ് പരാതി. ഭർത്താവ് നൽകിയ സ്ഥലത്താണ് മകൻ താമസിക്കുന്നത്. ഭർത്താവിന്റെ മരണശേഷം പരാതിക്കാരിക്കും പെൺമക്കൾക്കും അവകാശപ്പെട്ട 40 സെന്റ് വസ്തുവും മകൻ കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയും മകനും തമ്മിൽ സ്വരചേർച്ചയില്ലെന്നും നാട്ടുകാർ മദ്ധ്യസ്ഥ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു. തന്റെ സഹോദരിയുടെ വിവാഹാവശ്യത്തിനും ജപ്തി നടപടികളിൽ നിന്ന് ഒഴിവാകുന്നതിനുമായി നൽകിയ സഹായത്തിന്റെ പേരിലാണ് പിതാവ് ഒന്നര ഏക്കർ സ്ഥലം തന്റെ പേരിൽ എഴുതിയതെന്നും ഇവിടെ നിന്ന് ആദായമെടുക്കാൻ അമ്മ അനുവദിക്കാറില്ലെന്നും മകൻ സജി ജോസഫ് കമ്മിഷനെ അറിയിച്ചു. സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത വൃദ്ധയ്ക്ക് മകനിൽ നിന്ന് സംരക്ഷണം ലഭിക്കേണ്ടത് അനിവാര്യമായതിനാൽ നിയമപരമായി അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എതിർകക്ഷിയായ മകനെ വിചാരണ ചെയ്തതിൽ നിന്ന് അമ്മയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് മനസിലായതായും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.