
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുൻപാകെ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളിൽ സ്വപ്നയുടെ സ്വത്തിനെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ സിബിഐ ശേഖരിച്ചു.വിദേശപണമിടപാടിനെക്കുറിച്ചും ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും ശിവശങ്കർ എൻഐഎക്കും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും നൽകിയ മൊഴികൾ സിബിഐ പരിശോധിച്ചിരുന്നു.
ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പ്രളയ ദുരന്തത്തിന്റെ സമയത് യുഎഇയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്കും അറിയാമായിരുന്നു. യുഎഇ കോൺസുലേറ്റിലെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തരചർച്ചകളെ തുടർന്നാണു പദ്ധതിയുടെ മറവിൽ നടത്തിയ കമ്മിഷൻ ഇടപാടുകളുടെ തുടക്കം. അന്വേഷണസംഘങ്ങളുടെ നിഗമന പ്രകാരം ഇതേക്കുറിച്ചെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. വിദേശത്തു നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്കു കമ്മിഷൻ ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കു ലഭിച്ചതെന്നാണു ശിവശങ്കറിന്റെ മൊഴി.
ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും സ്വർണവും അവരുടേതു മാത്രമാണെന്നും ശിവശങ്കർ മൊഴി നൽകി. ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്. നിയമോപദേശം നൽകാൻ കഴിയുന്ന വിശ്വസിക്കാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടതു സ്വപ്നയാണ്.