
newsdesk
ഇന്ന് ശ്രീനാരായണഗുരു ജയന്തി.തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ചതയദിനത്തിൽ ജനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ മതമടക്കം സമൂഹത്തിന്റെ സർവമേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നതായിരുന്നു. മനുഷ്യന്റെ സമഗ്രമായ വികസനമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ടു വശമാണെന്നും ഗുരു പറഞ്ഞു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹികവിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ജാതീയമായ വിവേചനങ്ങൾക്കെതിരെയും സാമൂഹിക അനാചാരങ്ങൾക്കെതിരെയും നിരന്തരപോരാട്ടത്തിൽ ഏർപ്പെട്ട ഗുരുവിന്റെ ദർശനങ്ങൾക്ക് പുതിയകാലഘട്ടത്തിൽ പ്രസക്തി വർധിച്ചുവരികയാണ്.
ഭാസുരമായ ആ ദർശനം സാക്ഷാത്കരിക്കുന്നതിനു രണ്ട് ഉപാധികൾ പ്രാരംഭത്തിൽത്തന്നെ ഗുരുദേവൻ നിർദേശിച്ചിരുന്നു. ‘വിദ്യ കൊണ്ടു പ്രബുദ്ധരാകുക’ എന്നതാണൊന്ന്. രണ്ടാമത്തേത് ‘സംഘടന കൊണ്ടു ശക്തരാകുക’ എന്നതും. സംഘടന രൂപംകൊണ്ടത് 1903ലാണെങ്കിലും സംഘടിതമായ പ്രവർത്തനങ്ങൾ അതിനു മുൻപുതന്നെ ഗുരുദേവൻ നിരന്തരം തുടർന്നുകൊണ്ടിരുന്നു. പ്രബുദ്ധത സൃഷ്ടിക്കാനും സാഹോദര്യം സ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ.
ആസൂത്രിതമായ രൂപത്തിൽ ആ പ്രവർത്തനങ്ങൾ തുടരാനാണ് 1903ൽ ശ്രീനാരായണ ധർമ പരിപാലന യോഗത്തിനു (എസ്എൻഡിപി യോഗം) രൂപം നൽകിയത്. സ്നേഹവും സാഹോദര്യവും സമത്വവും സ്വപ്നം കാണുന്ന കവിയെ യോഗത്തിന്റെ മുഖ്യസാരഥിയായി നിയോഗിച്ചുവെന്നത് അർഥഗർഭമാണ്. സ്വന്തം ആധ്യാത്മിക ജീവിതം ആ മഹനീയ ദൗത്യത്തിനു ഗുരുദേവൻ സമർപ്പിക്കുകയും ചെയ്തു. സ്ഥിരാധ്യക്ഷസ്ഥാനം സ്വീകരിക്കാനുള്ള സന്നദ്ധതയിൽ ആ സമർപ്പണമാണുള്ളത്.
കേരളീയ സമൂഹത്തിൽ ശ്രീനാരായണ ധർമപരിപാലനയോഗം സൃഷ്ടിച്ച പരിവർത്തനം ഐതിഹാസികമാണ്. ജാതിസ്പർധയുടെ മാലിന്യം കലരാതെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മുദ്രാവാക്യത്താൽ പ്രചോദിതമായ പ്രവർത്തനം തുടരാനുള്ള വിശിഷ്ടോപദേശം കാലാകാലങ്ങളിൽ അനുയായികളെ ഓർമിപ്പിക്കാൻ ഗുരുദേവൻ മറന്നിരുന്നില്ല. ആ ശുദ്ധീകരണനിർദേശത്തിന്റെ ഭാഗമാണു ‘ജാതിയില്ലാ വിളംബര’വും മറ്റും.
ഇതേ കാലഘട്ടത്തിൽ തന്നെ, സവർണ സമുദായങ്ങളിലും ലോകസേവകർ പലരും ജാതി തിരിച്ചറിയാത്ത രീതിയിൽ അവരുടെ പേരുകൾ ചുരുക്കി. ആചാര്യനായ മന്നത്തു പത്മനാഭൻ തന്നെ മാതൃക കാട്ടി.
ഗുരുദേവനിർദേശപ്രകാരം 1921ൽ കൊല്ലം ജില്ലയിലെ പ്രാക്കുളത്തു വിളിച്ചുചേർത്ത വിശേഷാൽ സമ്മേളനത്തിൽ ജാതിഭേദം കൂടാതെ എല്ലാവർക്കും യോഗത്തിൽ അംഗത്വം നൽകണമെന്ന പ്രമേയം എസ്എൻഡിപി യോഗം അംഗീകരിച്ചതു ചരിത്രസംഭവമാണ്. അന്ന് അംഗത്വം നൽകിയവരുടെ കൂട്ടത്തിൽ മന്നത്തു പത്മനാഭൻ, തങ്ങൾകുഞ്ഞു മുസല്യാർ, യുക്തിവാദി എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള മുതലായ വിശിഷ്ടവ്യക്തികളുണ്ടായിരുന്നു. എൻഎസ്എസ് മുഖപത്രം ആ വിശാലവീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഞാൻ ഹിന്ദുവാണ്, ഞാൻ ഈഴവനാണ്’ എന്നും മറ്റും ധൈര്യമായി പറയണമെന്ന ആഹ്വാനം യോഗത്തിന്റെ വേദികളിലുയരുന്നതിനെപ്പറ്റി ആ കാലഘട്ടത്തിൽ സങ്കൽപിക്കാൻപോലും കഴിയുമായിരുന്നില്ല.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സൂക്തം ഈ മണ്ണിൽ സ്വന്തം കൈകൾകൊണ്ടു സാക്ഷാത്കരിക്കാൻ ആത്മാർപ്പണത്തോടെ പരിശ്രമിക്കുന്നതിലൂടെയാണു ശ്രീനാരായണ ധർമത്തിന്റെ പരിപാലനം പരിപുഷ്ടമാകുന്നതെന്ന സന്ദേശമാണു ഗുരുദേവൻ അന്ത്യശ്വാസംവരെ ലോകത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. 1928ൽ അദ്ദേഹം അവസാനമായി പങ്കെടുത്ത പള്ളാത്തുരുത്തി സമ്മേളനത്തിൽവരെ അതു കണ്ടു.
ആ ഉദ്ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണു കേരളത്തെ പ്രബുദ്ധതയിലേക്കു വളർത്തിയത്. ഇന്ത്യയുടെ ഇതരഭാഗങ്ങൾ വർഗീയ ലഹളകളാൽ ഭ്രാന്താലയ സദൃശമായപ്പോഴും കേരളത്തിൽ സമുദായ സൗഹാർദം നിലനിന്നതിന്റെ പ്രധാന കാരണം അതാണ്.
പിന്നീടാണു ജാതിമത വിദ്വേഷത്തിന്റെ വിഷച്ചെടികൾ ഇവിടെ മുളച്ചുപൊന്താൻ തുടങ്ങിയത്. .
സ്വകാര്യ ജീവിതമെന്നൊന്നില്ലാതെ 50 വർഷക്കാലം പലതരം ജനങ്ങളുടെ തുറന്ന കണ്ണുകൾക്ക് എപ്പോഴും കാണാവുന്ന രീതിയിൽ തുറന്ന ജീവിതമാണു ഗുരുദേവൻ തുടർന്നുപോന്നത്. നേരിയൊരു കളങ്കരേഖപോലും അക്കാലത്തിനിടയിൽ ആ മഹനീയ ജീവിതത്തിൽ ഒരാൾക്കും കാണാനായില്ലെന്നതോർക്കണം.
അത്രമാത്രം പരമപാവനമായ ഗുരുദേവചരിതം എപ്പോഴും മാനവരാശിയെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ലക്ഷ്യം പ്രാപിക്കാനുള്ള സനാതന പ്രചോദനമായി നിലനിർത്തുക എന്നതാണു യഥാർഥമായ ശ്രീനാരായണ ധർമ പരിപാലനം.