
WebDesk
മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം കടവന്ത്ര പൊലീസാണ് നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തത്.
പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ പെരുമാറ്റ രീതി മാറി അശ്ലീല സന്ദേശം അയക്കാൻ തുടങ്ങി. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
നിസാർ മേത്തർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന ആകേഷപം ഉയർന്നിരുന്നു. നിസാർ മേത്തറുടെ ഫോൺ നമ്പർ സഹിതം നൽകിയിട്ടും കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയില്ലായിരുന്നു. പൊലീസ് മാത്രമല്ല പിഡിപിയും പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലാണ്. വാർത്ത പുറത്തുവന്നിട്ടും സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല.