ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കാരണം വി.ഐ.പി വനിത; പോക്‌സോ കേസ് ജാമ്യത്തിന് മോന്‍സണ്‍ സുപ്രീംകോടതിയില്‍.

Web Desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാകേസുകളില്‍ ജാമ്യം ലഭിക്കുന്ന താന്‍ ജയിലില്‍നിന്ന് പുറത്ത് ഇറങ്ങാതിരിക്കാന്‍, ക്രൈം ബ്രാഞ്ച് തന്റെ മുന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡനപരാതികള്‍ നല്‍കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരില്‍ ഉന്നത സ്വാധീനം ഉള്ള വി.ഐ.പി. വനിത കാരണമാണ് തനിക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും മോന്‍സണ്‍ ആരോപിച്ചിട്ടുണ്ട്.
പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനി പെണ്‍കുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരമാണ് പൂര്‍ത്തിയാകേണ്ടത്. ഇരുവരും വിദേശത്ത് ആയതിനാല്‍ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് മോന്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വഞ്ചനാകേസില്‍ ആദ്യം ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് ഇരയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ആണ് ജോണ്‍സണ്‍ മാവുങ്കലിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

error: Content is protected !!