കാട്ടാനയെ ഭയപ്പെടുത്തിയ യുട്യൂബര്‍ അമല ഒളിവില്‍; പിടികൂടാനുറച്ച് വനംവകുപ്പ്‌

Web Desk

വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച്‌ ദൃശ്യം പകർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു വനം വകുപ്പ് കേസ് എടുത്ത യുട്യൂബർ കിളിമാനൂർ സ്വദേശി അമല അനു ഒളിവിൽ. ചോദ്യം ചെയ്യലിനു എത്താൻ നോട്ടിസ് നൽകിയെങ്കിലും ഇതുവരെയും ഹാജരായില്ല.

ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമലയുടെ അമ്മയുടെ കൈവശം നോട്ടിസ് നൽകി മടങ്ങുകയായിരുന്നു. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതു പാലിക്കാത്തതിനാൽ സൈബർ സെല്ലിന്റെ ഉൾപ്പെടെ സഹായത്തോടെ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം. ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആറു മാസം മുൻപ് തെന്മല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച അമല അനു ഹെലിക്യാം, മറ്റു ക്യാമറകൾ എന്നിവ ഉപയോഗിച്ച് കാട്ടാനകളെ ഉൾപ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണ് കേസ്. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേരുണ്ടായിരുന്നെന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണച്ചുമതലയുള്ള റേഞ്ച് ഓഫിസർ ബി.ദിലീഫ് അറിയിച്ചിരുന്നു.

കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങൾക്ക് വനം ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണം.

error: Content is protected !!