‘മകള്‍ക്ക് നീതി കിട്ടി, പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ’; വിസ്‍മയയുടെ അമ്മ

Web Desk

മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. വിതുമ്പലോടെയാണ് ശിക്ഷാവിധി വിസ്‍മയയുടെ അമ്മ കേട്ടത്. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്ന് സഹോദരന്‍ വിജിത്ത് വിധിയോട് പ്രതികരിച്ചു.വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധിച്ചത്. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞത്. 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നിവയാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞത്.

ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി. ശിക്ഷ നാളെ വിധിക്കും. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.

error: Content is protected !!