യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Web Desk

യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ ശേഖരപ്പ ജ്‍‍‍‍ഞാനഗൗഡർ (21) ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്. ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ്.ഭക്ഷണം വാങ്ങാൻ സമീപത്തെ കടയിലേക്കു പോയപ്പോൾ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നാണു വിവരം. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഹർകീവിൽ റഷ്യൻ – യുക്രെയ്ൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്. യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരവെയാണ് ദാരുണ സംഭവം. റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ചർച്ച നടത്തി. സംഘർഷമേഖലകളിൽനിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാർഗം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!