മക്കളെ ഉറക്കിയ ശേഷം ആഷിഫും അബീറയും വിഷവാതകം തയാറാക്കി; ഒരുമിച്ച് മടക്കം

Web Desk

വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കിടത്തി ഉറക്കിയ ശേഷമാണ് ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും ചേര്‍ന്നു വിഷവാതകം ഒരുക്കിയെന്നാണു പൊലീസ് നിഗമനം. ഇവര്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്‍കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.
ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ കടയില്‍നിന്നു പലചരക്ക് വാങ്ങിയതിനു നല്‍കാനുള്ള മുഴുവന്‍ തുകയും അബീറ കൊടുത്തിരുന്നു.

വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങൾ നിരന്തരം പങ്കുവച്ചിരുന്ന ഇവർ ദിവസങ്ങളായി അത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

error: Content is protected !!