
Local News
ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ, തറകൾ പൊട്ടിപ്പൊളിഞ്ഞ മുറിയിലിരുന്ന് ജോലി ചെയ്തിരുന്ന
മുക്കം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ദുരിതത്തിന് അറുതിയാകുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുക്കം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടേകാൽ കോടി രൂപ ചെലവിലാണ്
12,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ ആദ്യ നിലയിൽ മൂന്ന് ലോക്കപ്പുകളും സ്റ്റേഷൻ ഓഫീസർക്കുള്ള മുറിയും സജ്ജീകരിക്കും. ഒന്നും രണ്ടും നിലകൾക്ക് മേൽക്കൂര നിർമിച്ച് മേൽക്കൂരയിൽ മൺ ടൈലുകൾ പാകും. മുകളിലെ നിലയിൽ ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവർക്കുള്ള ഓഫീസ് മുറി, വനിത പോലീസുകാർക്കുള്ള മുറി, കംപ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവയുമുണ്ടാകും. പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗമാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. കേരളീയ വാസ്തു ശിൽപ്പകലയേയും ആധുനിക സംവിധാനങ്ങളും കോർത്തിണക്കിയാണ് കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചിരുന്നു.

2017 ലെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് രണ്ടേകാൽ കോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ വന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടു പോവുകയായിരുന്നു. പുതുതായി നിർമിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ മൂന്ന് ലോക്കപ്പുകൾ വേണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ലോക്കപ്പുകൾ വേണമെന്നായിരുന്നു പുതിയ മാർഗ നിർദ്ദേശം. ഈ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പ്ലാൻ മാറ്റി വരച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിയ്ക്കാതെ തൊട്ടു പിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക. കുറ്റ്യാടി കേന്ദ്രമായി പി.കെ.ബി ബിൾഡേഴ്സിനാണ് നിർമാണ ചുമതല.
1985 ൽ വയലാർ രവി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 35 വർഷത്തോളം പഴക്കമുള്ള പോലീസ് സ്റ്റേഷന്റെ തറയും ചുമരുകളും കോൺക്രീറ്റ് മേൽക്കൂരയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിയ്ക്കാതെ തൊട്ടു പിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പഴയ കെട്ടിടം പൊളിച്ചു നീക്കും. ഇതോടെ പോലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ വാഹനം നിർത്തിയിടാൻ സൗകര്യമൊരുങ്ങും. പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിടുന്നത് അപകടത്തിന് വഴിയൊരുക്കിയിരുന്നു. മുക്കം പോലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ പോലീസ് ക്വാർട്ടേഴ്സ് നിർമിക്കാനും ആലോചനയുണ്ട്. ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നോ, സംസ്ഥാന ബജറ്റിൽ നിന്നോ തുക ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
സമരങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായപ്പോൾ, നിരവധി തവണ മുക്കം പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ട്. പഴയ കെട്ടിടത്തിൽ ജോലി ചെയ്യുന്ന അവരുടെ അവസ്ഥയെ കുറിച്ച് അന്ന് ആലോചിച്ചിരുന്നു. ആ ദുരിതത്തിന് പരിഹാരമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് തിരുവമ്പാടി എം.എൽ.എ ലിൻറ്റോ ജോസഫ് പറഞ്ഞു .