നിപ ബാധിച്ചത് ആടില്‍ നിന്നല്ല, ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു

Web Desk

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകീട്ടോടെ ലഭിക്കും. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

error: Content is protected !!