
Local News
സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വെള്ളം ഗതി മാറി ഒഴുകി വൻ കൃഷി നാശം. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് തണ്ണീർ പോയിൽ വയലിലേക്ക് വെള്ളം ഗതി മാറി ഒഴുകിയാണ് വാഴ കൃഷി ഉൾപ്പെടെ നശിച്ചത്. കൂടാതെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വന്നടിഞ്ഞ് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ് നിരവധി കർഷകർ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് തണ്ണീർ പൊയിൽ വയലിന് ചേർന്നൊഴുകുന്ന തോടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതോടെ തോട്ടിലെ വെള്ളം ഗതി മാറി തണ്ണീർ പൊയിൽ വയലിലേക്ക് ഒഴുകുകയും 25ഓളം കർഷകരുടെ അറുപതിനായിരത്തോളം വാഴക്കന്നുകൾ നശിക്കുകയും ചെയ്തു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തോടിന് ചേർന്നുള്ള ഇൻറർലോക്ക് കമ്പനി ഉടമകൾ തോടിൻ്റെ തീരത്ത് വൻതോതിൽ ഭാരമേറിയ ഇൻറർലോക്കുകൾ കൊണ്ടിട്ടതും ശക്തമായ മഴയുമാണ് തോടിൻ്റെ സംരക്ഷണഭിത്തി ഇടിയാൻ കാരണമായത്. ഇൻഷുറൻസ് പോലും ചെയ്യാത്ത വാഴക്കന്നുകൾ നശിച്ചതോടെ വലിയ നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് കർഷകർ പറയുന്നു
കൂടാതെ തോടിൻ്റെ മറ്റു ഭാഗങ്ങളിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വന്നടിഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് തങ്ങൾക്ക് നേരിട്ട ഈ നഷ്ടം എങ്ങനെ നികത്തുമെന്ന് അറിയാതെ വലിയ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് തോട്ടിൽ നിന്നും ഇൻറർലോക്ക് കട്ടകളും പ്ലാസ്റ്റിക് മാലിന്യങ്ങളും എടുത്തുമാറ്റി തോടിൻ്റെ ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം