സ്ത്രീധനപീഡനം:പത്തൊമ്പതുകാരി തൂങ്ങി മരിച്ചു

Web Desk

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശി സ്നേഹ (19)ആണ് മരിച്ചത്. ഭര്‍ത്താവ് പ്രമോദി (25)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എട്ടുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കൈമാറിയിരുന്നതായി പറയുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രമോദ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് സ്നേഹയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതു സഹിക്കാന്‍പറ്റാതായപ്പോള്‍ രണ്ടാഴ്ച മുൻപ് സ്നേഹ സ്വന്തംവീടായ സേലയൂരിലേക്ക് പോയി.

കഴിഞ്ഞ ദിവസം രാത്രി പ്രമോദ് ഫോണിലൂടെ വിളിച്ച്‌ കുറെനേരം സ്നേഹയുമായി സംസാരിച്ചിരുന്നു.
അതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച സ്നേഹ തിങ്കളാഴ്ച രാവിലെയായിട്ടും വാതില്‍തുറന്നില്ല. സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ സ്‌നേഹയെ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്നേഹയുടെ അച്ഛന്‍ രവിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആര്‍.ഡി.ഒ അന്വേഷണത്തിനുശേഷം നടപടികള്‍ സ്വികരിക്കുമെന്നും പോലീസ് അറിയിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് പ്രമോദ്.

error: Content is protected !!