സ്ത്രീധനക്രൂരത;മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റില്‍ മര്‍ദ്ദിച്ചു, അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു

Web Desk

എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും ക്രൂര മര്‍ദ്ദനം. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ച യുവാവ്, ഭാര്യയുടെ അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയുടെ അച്ഛനെ ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതിയും ഭാര്യയുടെ അച്ഛനും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷണറെ സമീപിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജിബ്‌സണ്‍ തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. രാത്രിയില്‍ മുഖം പൊത്തിപ്പിടിച്ച് പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കും. രണ്ടാമത്തെ വിവാഹമായത് കൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു.സ്ത്രീധനത്തിന്റെ പേരില്‍ ജിബ്‌സണും ജിബ്‌സണിന്റെ അച്ഛനും ചേര്‍ന്നാണ് പിതാവിനെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ചത്. ഇരുവരും ചേര്‍ന്ന് തള്ളിയിട്ട ശേഷം കാലില്‍ കയറി നിന്നതായി യുവതിയുടെ അച്ഛന്‍ പറയുന്നു.

error: Content is protected !!