യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍;

News Desk

ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്. കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി.യോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!