
News Desk
സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിൽ തൃശൂരിൽ കീഴ്ശാന്തി അറസ്റ്റിലായി. തൃശൂർ മുളങ്കുന്നത്തുക്കാവ് ഗവൺമെന്റ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയേയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിനേയും ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിലാണ് കീഴ്ശാന്തിയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം തിരുവല്ല സ്വദേശി കുപ്പത്തിൽ വീട്ടിൽ ഗോപികൃഷ്ണനെ(20)യാണ് അറസ്റ്റ് ചെയ്തത്. പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണിയാൾ. രാത്രി സമയങ്ങളിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ കാടുപിടിച്ച് കിടക്കുന്ന വിജനമായ ഭാഗങ്ങളിൽ ബൈക്കിലെത്തി ഇയാൾ നിരവധി പേരെ സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.ഇയാൾക്കെതിരെ ഇനിയും കേസുകൾ രജിസ്റ്റർ ചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ, എസ്.ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.