വാർത്ത തുണയായി; പതിനായിരം രൂപയുടെ കുടകൾ വാങ്ങി വിനോദ് മണാശ്ശേരിയും കൂട്ടുകാരും

Story: Fasal Bbu

ലോക് ഡൗണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം ഷമീറിന് സഹായ ഹസ്തവുമായി മണാശ്ശേരിയിലെ ജൈവ കർഷകനും സംവിധായകനുമായ വിനോദ് മണാശ്ശേരി. കഴിഞ്ഞ ദിവസമാണ് മുക്കം ചേന്ദമംഗല്ലൂരിലെ ഷമീറിൻ്റെത് ഉൾപ്പെടെ നിരവധി ഭിന്നശേഷിക്കാർ തങ്ങൾ വാങ്ങിയ ഉൽപ്പന്നങ്ങൾ ലോക് ഡൗണിനെ തുടർന്ന് വിറ്റഴിക്കാൻ സാധിക്കാത്ത വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ട വിനോദ് മണാശ്ശേരി ഉടൻ തന്നെ തൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും,ഷമീറിൻ്റെ വീട്ടെലെത്തി പതിനായിരം രൂപയുടെ കുടകൾ വാങ്ങാൻ തയ്യാറാവുകയുമായിരുന്നു.

24 വർഷങ്ങൾക്ക് മുൻപ് കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷെമീറിന്റെ ജീവിതം വീൽച്ചെയറിലായത്. വീട്ടിൽ ഷെമീർ മാത്രമല്ല, ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്.
ഇത്തരത്തിൽ ഒന്നര വർഷത്തിലേറെയായി ജീവിത മാർഗ്ഗം വഴിമുട്ടി ദുരിതത്തിലാണ് സ്വയം തൊഴിൽ സംരംഭകരായ ഭിന്നശേഷിക്കാർ. സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണിപ്പോഴും.

പലരിൽ നിന്നും കടം വാങ്ങിയാണ് നിർമാണ സാമഗ്രികൾ വാങ്ങിയത്. ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ പലരും കടത്തിലായി. തുടർച്ചയായ രണ്ടാം വർഷമാണ് മഹാമാരി ഇവരുടെ പ്രതീക്ഷകൾ തട്ടി അകറ്റുന്നത്. ഇനിയും സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണിവർ.
ഫോണിൽ ബന്ധപ്പെടുന്നവർക്ക് കുടകൾ ഉൾപ്പെടെ എത്തിച്ചു കൊടുക്കുമെന്നും, സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീർ ചേന്ദമംഗല്ലൂർ ( 9645861715) പറഞ്ഞു.

error: Content is protected !!