ചെന്നിത്തലയെ സഹായിച്ചത് ഐ.ഐ.എം.വിദഗ്ദ്ധര്‍; കണ്ടെത്തിയത് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍

Web Desk

വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് കണ്ടെത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധര്‍. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കി പരിശോധന നടത്തിയത്. പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാസാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. പിന്നാലെ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്ന സ്ഥിതിയുണ്ടായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ഇത്തരം പ്രശ്നങ്ങള്‍ നടന്നിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികകള്‍ വ്യത്യസ്തങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടര്‍ പട്ടികയെ ഇരട്ട വോട്ടുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

error: Content is protected !!