വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാര സമരം

കൽപ്പറ്റ:ഉരുൾപൊട്ടൽ പുനരധിവാസത്തിലെ പ്രശ്‌നം ആരോപിച്ച് വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മറ്റിയുടെ നിരാഹാര സമരം തുടങ്ങി. ദുരിതബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റിന് മുന്നിലാണ് സമരം. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് സ്ഥലം മാത്രം നൽകുന്നതും ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. പുത്തുമലയിൽ ദുരിതബാധിതരുടെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സമരക്കാർ കളക്‌ടറേറ്റിന് മുന്നിലെത്തി സമരം തുടങ്ങിയത്.

ഉരുൾപൊട്ടലുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പോലും ഇതുവരെ സർക്കാർ പൂർത്തിയാക്കിയില്ലെന്നും സമരക്കാർ പറഞ്ഞു. ആയിരം സ്ക്വയർ ഫീറ്റ് വീട് അഞ്ച് സെന്റ് സ്ഥലത്ത് നൽകുന്നു എന്നാണ് സർക്കാർ പറയുന്നത്. തങ്ങൾക്ക് 15 സെൻ്റ് സ്ഥലമെങ്കിലും നൽകാൻ തയ്യാറാവണം എന്നും ദുരിതബാധിതർ പറയുന്നു. രണ്ട് എസ്റ്റേറ്റുകളിലായി ടൗൺഷിപ്പ് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ എന്തിനാണ് അതിൽ നിന്ന് പിൻമാറുന്നത് എന്നും ദുരന്തബാധിതർ ചോദിക്കുന്നു.ഞായറാഴ്ച ജനശബ്‌ദം ആക്ഷൻ കമ്മറ്റിയും ചൂരൽമലയിൽ കുടിൽകെട്ടി പ്രതീകാത്മകമായി സമരം ചെയ്തിരുന്നു.

സർക്കാർ തിരിഞ്ഞുനോക്കാതെ ഉരുൾപൊട്ടൽ ബാധിതർ ഒറ്റപ്പെട്ടുവെന്ന് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഒരാളോടും കൂടിയാലോചന നടത്താതെയാണ് 5 സെന്റ് ഭൂമി സർക്കാർ പ്രഖ്യാപിച്ചത്. 10 സെന്റ്റ് സ്ഥലം എങ്കിലും ദുരിതബാധിതർക്ക് നൽകാൻ തയ്യാറാവണം. ഇരകളായവരോട് സംസാരിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചത്.

ദുരന്തബാധിതരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന സി.കെ ശശീന്ദ്രന്റെ വാക്കുകൾ മനുഷ്യത്വരഹിതമാണെന്നും ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഏഴ് മാസമായിട്ടും ദുരന്തബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാരിന് ഇതിനൊന്നും നേരമില്ല. ഈ മാസം 27-ന് രാപ്പകൽ സമരം തുടങ്ങും. 28ന് ദുരന്തബാധിതരെ ഉൾപ്പെടുത്തിക്കൊണ്ട്കളക്ടറേറ്റ് വളയുമെന്നും ടി.സിദ്ദിഖ്പറഞ്ഞു.

അതേസമയം ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര അവ ഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഡൽഹിയിൽ സമരം ചെയ്യുന്നുണ്ട്.

വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം. കേരളാ ഹൗസിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവർത്തകർ മാർച്ച് ചെയ്‌തു. വയനാട്ടിൽ നിന്നുള്ള ഇടത് നേതാക്കൾ, എം.പിമാർ, സി.പി.എം ദേശീയ നേതാക്കൾ, ദുരിതബാധിതർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പുനരധിവാസത്തിലുളള തുക അനുവദിക്കണം, രാത്രി യാത്രാ നിരോധനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

error: Content is protected !!